കോതമംഗലം : പാലമറ്റം - ആവോലിച്ചാൽ റോഡിൽ സ്വകാര്യവ്യക്തികൾ മേയാൻ വിടുന്ന കന്നുകാലികൾ അപകടക്കെണിയാകുന്നു. സ്ഥിരം റോഡില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വാഹനങ്ങള്‍ക്കും കാൽനടക്കാർക്കും ഭീക്ഷണിയായി മാറിയിരിക്കുകയാണ്.
ഉടമസ്ഥര്‍ കന്നുകാലികളെ യഥേഷ്ടം അഴിച്ചുവിട്ടിരിക്കുകയാണ്. പാലമറ്റം മുതൽ ആവോലിച്ചാൽ വരെ ഇത്തരത്തിൽ റോഡിൽ കന്നുകാലികളുടെ ശല്യമുണ്ട്.
കന്നുകാലികൾ കുറുകെചാടി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെട്ട സംഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ ചീക്കോട് ഭാഗത്ത് റോഡിന് കുറുകെ ചാടിയ കന്നുകാലിയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അടിമാലി സ്വദേശി വൈദികൻ അപകടത്തിൽപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കാൽനട യാത്രക്കാർക്കും വിഹന യാത്രികർക്കും ഭീഷണിയാകുന്ന കന്നുകാലികളെ പിടിച്ചുകെട്ടണമെന്ന് പഞ്ചായത്ത് അധികൃതര്‍ നേരത്തെ അറിയിപ്പ് നൽകിയെങ്കിലും ഉടമകൾ അത് ഗൗരവത്തിൽ എടുത്തിട്ടില്ല. കന്നുകാലികളെ റോഡിൽ മേയാൻ വിടാതെ കൃഷിയിടങ്ങളിൽ നിർത്തണമെന്നാണ് വാഹന യാത്രക്കാർ ഉൾപ്പടെ ആവശ്യപ്പെടുന്നത്.